Wednesday 30 July 2014

teacher's creativity by pilankatta teacher's.........our own poems

      വസന്തകാലം

ഇളവെയിലിന്‍ പൊന്‍തുടിപ്പാം കുളിരേറ്റ്
വിരുന്നു വന്നൂ പൊന്‍വസന്തകാലം.
കാറ്റിന്റെ ചുംബനമേറ്റു ഞാന്‍ കുളിര്‍കോരി 
മനതാരില്‍ വിരിയുന്നു പൊന്‍വസന്തം
കാറ്റിന്റെ സീല്‍ക്കാരമേറ്റൊരാ കിളികളും
മൗനമായ് പാടി നിന്നെ നോക്കി.
കള കളം  പാടുന്ന പുഴയെന്തേ മന്ത്രിപ്പൂ
പൂമണമൊഴുകുന്ന  തെളിനിരിനായ്.
പൂനിലാ പുഞ്ചിരി തൂകുന്ന വാനവും
മൗനമായ് നിന്‍കാന്തിയേറ്റു  വാങ്ങി.
അമ്മതന്‍ നെഞ്ചോട് ചേര്‍ന്ന് കിടന്നൊരാ-
പൈതലിന്‍ മിഴിയിലും  പൊന്‍വസന്തം.
മണ്ണിലും  വിണ്ണിലും ഹൃത്തിലും നിറയുന്നു
സ്നേഹക്കടലെന്ന  നിറവസന്തം.
                                                          
                                                           മിനി.കെ.
 

                                



      അമ്മ
അമ്മ...എന്നമ്മ...പൊന്നമ്മ
അറിവിന്‍ വിളക്കാണെന്നമ്മ.
അക്ഷയ സ്നേഹ ഖനിയാണെന്നമ്മ
അനുപമ സ്നേഹത്തിനുടമ അമ്മ
അനവദ്യ കുസുമമെന്നമ്മ.
അമ്മ...എന്നമ്മ...പൊന്നമ്മ
അനശ്വര നാദലഹരിയാണമ്മ.
അലിവാര്‍ന്നൊരമ്മ അഴകോലുമമ്മ
അനര്‍ഗള സ്നേഹ നിര്‍ഝരിയമ്മ.
അകതാരില്‍കുടികൊളളും ദേവിയെന്നമ്മ
അനുഗ്രഹവര്‍ഷം ചൊരിഞ്ഞിടുമമ്മ.
അമ്മ...എന്നമ്മ...പൊന്നമ്മ
അമ്മിഞ്ഞപ്പാലൂട്ടി സ്നേഹാമൃതം നല്‍കി
മക്കളെ പോറ്റിടും അമ്മ
തെറ്റു തിരുത്തുവാന്‍ പാടു പെടുന്നൊരു
സദ്ഗുരുവാണെന്റെയമ്മ.
എന്തിനുമേതിനും തുണയായ് നിന്നിടും
നല്ല കളിത്തോഴിയമ്മ.
അമ്മ...എന്നമ്മ...പൊന്നമ്മ
നെഞ്ചകം വിങ്ങുമ്പോള്‍ഇടനെഞ്ചുപൊട്ടുമ്പോള്‍
കുളിര്‍മഴ പെയ്യിക്കുമമ്മ.
പുഞ്ചിരിപ്പൂപൊഴിച്ചാനന്ദ നാളങ്ങള്‍
ഉള്‍പ്പൂവിലണിയിക്കുമമ്മ.
സൂര്യനെക്കാളും തേജസെഴുന്നൊരു
സുന്ദര രൂപിയെന്നമ്മ.
നല്ലൊരു ത്യാഗിയെന്നമ്മ
നല്ല വിളനിലമമ്മ.
നന്മകള്‍മാത്രം കൈവരുവാനായ്
എന്നും ഭജിക്കുന്നൊരമ്മ.
അമ്മ...എന്നമ്മ...പൊന്നമ്മ
ശാന്തിതന്‍ തീരമാണമ്മ
ശരണത്തിന്‍മന്ത്രമാണമ്മ.
സന്മാര്‍ ദര്‍ശിനി അമ്മ.
ജ്ഞാന പ്രകാശിനി അമ്മ
സത്യമാണമ്മ നന്മയാണമ്മ
ലക്ഷ്മിയാണെന്നുടെയമ്മ.
അമ്മ...എന്നമ്മ...പൊന്നമ്മ
കൈവല്യദായിനി അമ്മ
ആനന്ദദായിനി അമ്മ
അശരണര്ക്കാശ്രയം നല്‍കീടുന്ന
വിശ്വമാനാണെന്റമ്മ.
അമ്മ...എന്നമ്മ...പൊന്നമ്മ
അണയാത്ത ദീപമെന്നമ്മ.

                          ശ്യാമള ടീച്ചര്‍



        മാറ്റം
               *************
പ്രതിമ,തിരിച്ചറിയാനാവാത്ത പ്രതിമ
ശിരസ്സും,കൈകളും,കാല്‍കളും
വിരിഞ്ഞ മാറുമുളള പ്രതിമ
കണ്ണില്‍ പായലിന്‍ പാട
അഴുക്കും,കരിയും പൊതിഞ്ഞ ദേഹം
ഹൃദയത്തില്‍ഉറഞ്ഞ രക്തം
ആരെയും കാണാതെ
മഴയേറ്റ്,കാറ്റേറ്റ്,വെയിലേറ്റ്
നിസംഗനായ് നില്‍ക്കുന്നു
ഒന്നും തിരിച്ചറിയാനാവാതെ
പ്രതിമ നില്‍ക്കുന്നു.
വസന്തകാലത്തിന്‍ വരവ് ചെവിയിലേക്കോതി
ആരോ ചിലയ്ക്കുന്ന ശബ്ദം
കണ്ണിന്‍പാടയാരോ കൊത്തിനീക്കുന്നു,
മുന്നില്‍പ്രകാശം നിറഞ്ഞ കണ്ണ്
ഒരു രശ്മി,ചെറുചിരിയില്‍ പകര്‍ന്നു.
പ്രതിമതന്‍കണ്ണില്‍വെളിച്ചം തെളിച്ചു
കണ്ണില്‍ചിരിക്കുന്ന ലോകം
വിരിഞ്ഞ പൂക്കള്‍, പറക്കുന്ന പറവകള്‍
തീരത്തെ പുണരാന്‍വെമ്പുന്ന തീരമാലകള്‍
അതാ,സ്നേഹവര്‍ഷം ചൊരിയുന്നു.
കണ്ണിന്‍പാട പാടേ നീങ്ങുന്നു.
അഴുക്കും, പൊടിയും ഒലിച്ചിറങ്ങുന്നു.
ഹൃദയം തുടിക്കുന്നു, പുതുരക്തമൊഴുകുന്നു
കുളിര്‍മാറുന്നു, ഭയമോടുന്നു
ഇന്ന്..................................
എല്ലാവരും കാണ്‍കെ, നെഞ്ചുവിരിച്ച്
തുറന്ന കണ്‍കളാല്‍ലോകത്തെ നോക്കി
പ്രതിമ നില്‍ക്കുന്നു.
എല്ലാം തിരിച്ചറിഞ്ഞ്, പ്രതിമ നില്‍ക്കുന്നു.

                             ബി.എം.പ്രകാശ്